ഗുജറാത്ത്: അഹമ്മദാബാദിൽ സ്‌കൂളുകളിലേക്ക് ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നിൽ പാകിസ്താൻ. ഭീഷണി സന്ദേശം എത്തിയ ഇ- മെയിൽ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാകിസ്താൻ ബന്ധം കണ്ടെത്തിയത്. അഹമ്മദാബാദിലെ 13 സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
‘tauheedl@mail.ru. എന്ന ഇ- മെയിൽ വിലാസത്തിൽ നിന്നുമായിരുന്നു സ്‌കൂളുകൾ ബോംബുവച്ച് തകർക്കുമെന്ന സന്ദേശം ലഭിച്ചത്. ഈ വിലാസത്തിന് പാകിസ്താൻ സൈന്യവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് കണ്ടെത്തൽ. ടോഹിക് ലിയാകത്ത് എന്ന പേരിലാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. പാകിസ്താനിൽ നിന്നുള്ള അഹമ്മദ് ജാവേദ് ആണ് ഈ ഇ- മെയിൽ വിലാസത്തിന്റെ ഉടമയെന്നും വ്യക്തമായിട്ടുണ്ട്. നിലവിൽ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്.
ഇക്കഴിഞ്ഞ ആറിനായിരുന്നു അഹമ്മദാബാദിലെ സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം അറിഞ്ഞ് തൊട്ട് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തു കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു. എന്നാൽ ഇതിന്റെ ഉറവിടം പാകിസ്താനിൽ നിന്നുള്ളതാണെന്നത് അധികൃതരിൽ ആശങ്കയുളവാക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
Discussion about this post