കോഴിക്കാേട്: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ അലയൊലികള്‍ അടങ്ങും മുമ്പ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരോഹിതര്‍ ആഭിചാരക്രിയകള്‍ നടത്തുന്നു എന്ന വാദവുമായി താമരശേരി അതിരൂപതയുടെ കൈപ്പുസ്തകം. താമരശേരി രൂപതയുടെ വേദ പാഠക്ളാസുകളില്‍ പഠിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ് പുസ്തകം എന്നാണ് അറിയുന്നത്. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും അതിന് ഒമ്പത് ഘട്ടങ്ങളുണ്ടെന്നും വിവരിക്കുന്ന ‘സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’ എന്ന പുസ്തകത്തിലാണ് മുസ്ലീം പുരോഹിതരുടെ ആഭിചാരക്രിയകളെക്കുറിച്ച് വിവരിക്കുന്നത്.
‘പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ, പ്രണയക്കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍’ എന്നിങ്ങനെയുള്ള തലക്കെട്ടുകളിലാണ് പുസ്തകത്തില്‍ കാര്യങ്ങള്‍ വിവരിക്കുന്നത്. ‘കൈ വിഷം അഥവാ ഓതിക്കെട്ടല്‍’ എന്ന തലക്കെട്ടിലാണ് മുസ്ളീം പുരോഹിതന്മാര്‍ ചെയ്യുന്ന ആഭിചാരക്രിയകളെ കുറിച്ച് വിവരിക്കുന്നത്.
‘പെണ്‍കുട്ടിയുടെ പേനയോ, തൂവാലയോ, തലമുടിയോ,മറ്റെന്തെങ്കിലും വസ്തുക്കള്‍ സ്വന്തമാക്കിയോ അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ചരട്, നാണയം, മോതിരം, വെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ ഓതിക്കെട്ടിയോ ഈ ആഭിചാരക്രിയ നടത്താറുണ്ട്.
നിങ്ങള്‍ക്ക് നല്‍കുന്ന മോതിരങ്ങള്‍, നാണയങ്ങള്‍, ഒരുമിച്ച് കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, നിങ്ങള്‍ക്ക് നല്‍കുന്ന സമ്മാനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ഓതിയ ചരടുകള്‍ എന്നിവയും സാധാരണ സ്പര്‍ശനങ്ങളില്‍ പോലും കൈയിലോ ശരീരത്തിലോ തേയ്ക്കുന്ന ചിലതരം പൊടികളോ നിങ്ങളെ വലിയൊരു വശീകരണ ലോകത്തേക്ക് എത്തിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക’- എന്നിങ്ങനെ പോകുന്നു പുസ്തകത്തിലെ വിവരണങ്ങള്‍.












