കോഴിക്കോട്: പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങള്‍ സി.പി.എം ശരിവെച്ചെന്ന് ചൂണ്ടിക്കാട്ടി സീറോ മലബാര്‍ സഭ മുഖപത്രം ദീപികയില്‍ ലേഖനം. സി.പി.എം ആക്ടിങ് സെക്രട്ടറിയുടെ പ്രതികരണവും മന്ത്രി വി.എന്‍. വാസവന്‍റെ പാലാ ബിഷപ്പ് ഹൗസ് സന്ദര്‍ശനവും എല്ലാം യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നു എന്നതിന്‍റെ സൂചനയാണ്. മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ ഉന്നതലയോഗത്തില്‍ നിന്നും അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യമായി കാണണമെന്നും ‘യാഥാര്‍ഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടക്കുന്നവരും’ എന്ന തലക്കെട്ടില്‍ സി.കെ. കുര്യാച്ചന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചതും സി.പി.എം ശരിവെച്ചതുമായ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ മുന്‍വിധികളില്ലാതെ അന്വേഷണം നടത്തി സമുദായങ്ങളുടെ ആശങ്കകള്‍ക്ക് അറുതി വരുത്തുകയല്ലേ വേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുന്ന സതീശന് ചങ്ങനാശേരിയില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമായി കാണുമെന്നും ലേഖനത്തില്‍ പറയുന്നു. അതുകൊണ്ടാവാം അദ്ദേഹം പാലായ്ക്ക് പോകാതിരുന്നത്. എന്നാല്‍, തന്‍റെ ഇമേജ് കാത്തുസൂക്ഷിക്കാന്‍ സതീശന്‍ ചില പൊടിക്കൈകള്‍ കോട്ടയത്ത് കാട്ടുകയും ചെയ്തു. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ പാലായിലെത്തി ബിഷപ്പിനെ കണ്ട് കാര്യങ്ങള്‍ മനസിലാക്കിട്ടുണ്ടാവാമെന്ന് കരുതുന്നു. യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ് ലിം ലീഗിന് ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ മുമ്പേ അറിയാവുന്നതാണ്. എന്നാല്‍, അറിയാത്തവരും അജ്ഞത നടിക്കുന്നവരും ഏറെയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
ബി.ജെ.പിയെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ബിഷപ്പിന് ബി.ജെ.പി സംരക്ഷണം ഒരുക്കുന്നുവെന്ന പ്രചാരണം വരെ നടത്തുകയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ദേശസുരക്ഷയെ പോലും ബാധിക്കാവുന്ന തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ബോധ്യമുണ്ടെങ്കില്‍ ശക്തമായ അന്വേഷണവും നടപടികളും എടുക്കുകയാണ് വേണ്ടത്. അല്ലാതെ, ബിഷപ്പിന്‍റെ പ്രസ്താവനയെ മറയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയുമല്ല വേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
Discussion about this post