ഡല്‍ഹി : പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ചരണ്‍ജിത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ പഞ്ചാബ് ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് മുന്നിലാണ് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പങ്കെടുക്കാഞ്ഞത് ശ്രദ്ധേയമായി. ഇതോടെ അമീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിടും എന്ന സൂചനയും ശക്തമായിരിക്കുകയാണ്.
സിക്ക് സമുദായത്തിലെ ദളിത് വിഭാഗമായ രാംദാസ്യ (ചമര്‍) നേതാവാണ് ചരണ്‍ജിത് സിംഗ് ചന്നി. പഞ്ചാബിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഈ വിഭാഗമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ നിര്‍ണായക ശക്തിയാകുമെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിനെ ചന്നിയിലേക്ക് എത്തിച്ചത്.
അമരീന്ദറിന് പകരമായി മുന്‍ മുഖ്യമന്ത്രിയായ സുഖ് ജിന്തര്‍ സിംഗ് തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സിദ്ദുവിന്റെ താത്പര്യമാണ് ചരണ്‍ജിത് സിംഗ് ചന്നിയ്ക്ക് മുഖ്യമന്ത്രി കസേരയിലേക്ക് നറുക്ക് വീഴാന്‍ കാരണമായത്. ദളിത് സിഖ് വിഭാഗത്തില്‍ നിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുന്നതിന്റെ ഗുണഫലങ്ങളെ പറ്റി കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വിവരങ്ങള്‍ ധരിപ്പിക്കുന്നതില്‍ സിദ്ദു വിജയിക്കുകയായിരുന്നു. മുന്‍പ് അമരീന്ദര്‍ പക്ഷത്തായിരുന്ന ചരണ്‍ജിത് സിംഗ് ചന്നി അടുത്തിടെയാണ് സിദ്ദുവിനൊപ്പം കൂടിയത്. എന്നാല്‍ കേവലം ആറ് എം എല്‍ എമാര്‍ മാത്രമേ ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ സിദ്ദുവിനൊപ്പം ഉണ്ടായിരുന്നുള്ളു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ കോണ്‍ഗ്രസിനെ ബാധിക്കുമെന്ന് കണ്ടറിയണം.








