ജയ്പൂര്‍: ഭാര്യാസഹോദരിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ ദേഷ്യം പിടിച്ച് പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മക്കളെ കൊലപ്പെടുത്തി പിതാവ്. രാജസ്ഥാനിലെ ബര്‍മര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.
ബര്‍മറിലെ പോഷാല്‍ ഗ്രാമത്തിലുള്ള പുഖാറാം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ മക്കളായ വസുന്ധര(ഒന്നര വയസ്സ്), ലക്ഷ്മി (3), നോജി(5), ജീയോ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് പെണ്മക്കളെ വിഷം നല്കി വാട്ടര്‍ ടാങ്കില്‍ ഇട്ടാണ് പുഖാറാം എന്നയാള്‍ കൊലപ്പെടുത്തിയത്. ശേഷം വിഷം കഴിച്ച ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരിച്ചില്ല.
മൂന്ന് മാസം മുമ്പാണ് പുഖാറാമിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിക്കുന്നത്. ഭാര്യയുടെ മരണശേഷം ഇയാള്‍ കടുത്ത വിഷാദരോഗത്തിലായിരുന്നു. നാല് പെണ്മക്കളെ തനിച്ച് നോക്കുന്നത് എങ്ങനെയെന്ന കാര്യത്തെ കുറിച്ച് ഇയാള്‍ ആശങ്കയിലായിരുന്നു. മക്കളെ നോക്കാനായി ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കാന്‍ ഇയാള്‍ തീരുമാനിച്ചു.
എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഈ ആവശ്യം അംഗീകരിച്ചില്ല. ഇതോടെ ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന കുട്ടികളെ കഴിഞ്ഞ വെള്ളിയാഴ്ച്ച ഇയാള്‍ സീന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി തന്നെയാണ് കുഞ്ഞുങ്ങളെ വിഷം നല്കി കൊലപ്പെടുത്തിയതും. ഭാര്യാസഹോദരിയെ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കാത്തിലുള്ള ദേഷ്യമാണ് കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
Discussion about this post