ഡല്‍ഹി: ഡല്‍ഹിയിലെ കല്‍ക്കാജി പ്രദേശത്ത് കിര്ഗിസ്താന് സ്വദേശിയായ ഗര്‍ഭിണിയെയും ഒരു വയസ് പ്രായമായ മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ സുഹൃത്തിന്റെ വീട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം. മിസ്കാല് സുമാബേവയും (28) മകന് മാനസുമാണ് മരിച്ചത്. ഇരുവരുടെയും നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും കുത്തേറ്റ പാടുകളുണ്ട്. യുവതി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.
ഭര്‍ത്താവ് വിനയ് ചൗഹാനൊപ്പം ഗ്രേറ്റര്‍ കൈലാശിലായിരുന്നു മിസ്കാലിന്റെ താമസം. ഗസ്റ്റ് ഹൗസുകള്‍ നടത്തി വരികയായിരുന്നു വിനയ് ചൗഹാന്. രണ്ടുവര്‍ഷം മുമ്ബായിരുന്നു ഇരുവരുടെയും വിവാഹം. 13 മാസമാണ് മകന്റെ പ്രായം.
‘കല്‍ക്കാജിയില്‍ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതായി ഞങ്ങള്‍ക്ക് സന്ദേശം വന്നു. സംഭവ സ്ഥലത്തെത്തിയപ്പോള്‍ കുത്തേറ്റ പാടുകളുമായി കിര്ഗിസ്താന് യുവതിയും മകനും കിടക്കയില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്’ -ഡി.സി.പി ആര്.പി മീണ പറഞ്ഞു. ക്രൈം ആന്‍ഡ് ഫോറന്‍സിക് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു.
തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ പോകുന്നത് സംബന്ധിച്ച് മിസ്കാലും ഭര്‍ത്താവും തമ്മില്‍ വഴക്ക് നടന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വഴക്കിട്ട വിനയ് വീട് വിട്ട് ഗ്രേറ്റര്‍ കൈലാശിലുള്ള സുഹൃത്ത് വാഹിദിനെ കാണാനായി പോയി.
അതേദിവസം സുഹൃത്തായ മത്ലുബ മഡുസ്മനോവയും അവരുടെ കൂട്ടുകാരന് അവനിഷും മിസ്കാലിനെ ആശുപത്രിയില്‍ എത്തിച്ചു. ഉസ്ബെക്കിസ്താന് സ്വദേശിയാണ് മത്ലുബ. ആശുപത്രിയില്‍ നിന്ന് മത്ലുബ മിസ്കലിനെയും കുഞ്ഞിനെയും കല്‍ക്കഞ്ചിലെ തന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്.
ഇരുവരുടെയും ചില സുഹൃത്തുക്കളും അന്ന് ഫ്ലാറ്റ് സന്ദര്‍ശിച്ച് മടങ്ങിയതായി പൊലീസ് പറഞ്ഞു. ആശുപത്രി സന്ദര്‍ശനത്തെ കുറിച്ചും തങ്ങളുടെ താമസത്തെ കുറിച്ചും യുവതി ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചിരുന്നു.
വീടിന്റെ ഉള്‍ഭാഗത്ത് സി.സി.ടി.വി ക്യാമറകള്‍ ഇല്ലെന്നും മറ്റ് ക്യാമറകളില്‍ പുറത്ത് നിന്ന് ആരും തന്നെ അകത്തേക്ക് കടന്നതായി കാണുന്നില്ലെന്നും പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post