അയോധ്യ: ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചതിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലക് എന്ന മധ്യവയസ്‌കന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ അയോധ്യ കേന്ദ്രമാക്കി താമസിക്കുന്ന സന്യാസിമാര്‍ അഗാധമായ ദു:ഖവും നടുക്കവും രേഖപ്പെടുത്തി. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യമാണ് നടന്നത്. ദു:ഖകരമായ സംഭവമാണ് നടന്നതെന്ന് രാമജന്മഭൂമിയിലെ മുഖ്യ പുരോഹിതനായ ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു. രാജ്യത്ത് ഒരിടത്തും ഇത്തരത്തിലുള്ള കുറ്റകൃത്യം നടക്കാരുത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം അതിക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ശക്തികളുടെ സംഘത്തെ ഭയക്കേണ്ടതിലെന്ന് മുസ്‌ലീം സഹോദരന്‍മാര്‍ക്ക് ഉറപ്പുനല്‍കുകയാണ് അഭികാമ്യമെന്ന് അയോധ്യയിലെ സന്യാസിയും ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ മഹന്ത് ഭവ് നാഥ് ദാസ് പറഞ്ഞു. ഇത്തരം വര്‍ഗീയ ശക്തികളെ പൂര്‍ണമായും തുടച്ചുമാറ്റേണ്ട സമയം അടുത്തിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കേട്ട ഉടന്‍ തന്നെ ഞങ്ങളുടെ ക്ഷേത്രത്തില്‍ മുഹമ്മദ് അഖ്‌ലകിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തിയതായി ബാരസ്ഥാന്‍ മന്ദിറിലെ മുഖ്യസന്യാസിയായ മഹന്ത് ബിന്ദുഗധ്യാചാര്യ പറഞ്ഞു. ഈ ക്രൂരകൃത്യം ചെയ്തവര്‍ സഹിഷ്ണുതയും മിതത്വവും പുലര്‍ത്തുന്ന ഹിന്ദുമതത്തിന് തന്നെ അപമാനമാണ്. ലോകരാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യത്തിന് ചീത്തപ്പേര് വരുത്തിവെച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരാളുടെ കൊലപാതകം മാത്രമല്ല മറിച്ച് നമ്മള്‍ പഠിച്ചു വന്ന സാമൂഹ്യമൂല്യങ്ങളുടെ മൊത്തത്തിലുള്ള തകര്‍ച്ച കൂടിയാണെന്ന് സരയു കുന്ത് മന്ദിറിലെ യുവ സന്യാസി രഘുനന്ദന്‍ ദാസ് പറഞ്ഞു. ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയോധ്യയില്‍ നിന്നും ദാദ്രിയിലേക്ക് ഒരു യാത്ര നടത്താനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മഹന്ത് യുഗള്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി പറഞ്ഞു. ഇത്തരം അതിക്രമള്‍ക്കെതിരെ തങ്ങള്‍ ഒന്നിച്ചുനില്‍ക്കുമെന്ന് അറിയിക്കാന്‍ കൂടിയാണ് ഈ യാത്രയെന്നും അദ്ദേഹം പറഞ്ഞു
Discussion about this post