ലഖ്നൗ: പതിനായിരത്തിന് മുകളിൽ ഹിന്ദുക്കൾ കൊലചെയ്യപ്പെട്ട, ഇന്ത്യാ ചരിത്രത്തിലെ ഹീനമായ ഹിന്ദു വംശഹത്യകളിൽ ഒന്നായിരുന്നു കുപ്രസിദ്ധമായ മലബാർ കൂട്ടക്കൊലയെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കളെ മുസ്ലീങ്ങൾ കൂട്ടക്കൊല ചെയ്ത കലാപത്തെ വെള്ളപൂശുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മലബാറിലെ ഭൂപ്രമാണിമാർ മുസ്ലീങ്ങളെ ചൂഷണം ചെയ്തു എന്നാണ് കലാപത്തെ ന്യായീകരിക്കുന്നവർ പറയുന്നത്. അതായിരുന്നു കലാപകാരണമെങ്കിൽ എന്തിനാണ് ഭൂപ്രമാണിമാർ അല്ലാത്ത ഹിന്ദുക്കളെ കൊന്നതെന്ന് യോഗി ചോദിച്ചു. ഖിലാഫത്തിന്റെ വീഴ്ചയാണ് കലാപത്തിന്റെ കാരണമെങ്കിൽ അതിന് നിരാലംബരായ മലബാറിലെ ഹിന്ദുക്കൾ എന്ത് പിഴച്ചുവെന്നും യോഗി ചോദിച്ചു.
ഇടത് പാർട്ടികൾക്ക് സംഘടിത വോട്ട് ബാങ്ക് ലഭ്യമാകുന്നതിന് വേണ്ടി മാർക്സിസ്റ്റ് ചിന്തകന്മാർ നടത്തിയ ചരിത്രത്തിന്റെ ദുർവ്യാഖ്യാനമായിരുന്നു മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തിയത്. മലബാർ കലാപത്തെ ഹിന്ദു വംശഹത്യയെന്ന് ആദ്യമായി വിശേഷിപ്പിച്ചത് വീര വിനായക് ദാമോദർ സവർക്കർ ആയിരുന്നുവെന്നും യോഗി പറഞ്ഞു.
മലബാറിലെ മാപ്പിളമാർ ഹിന്ദുക്കൾക്ക് മേൽ നടത്തിയ പ്രാകൃതവും നീചവുമായ ആക്രമണത്തെ ഡോക്ടർ ബി ആർ അംബേദ്കർ വിമർശിച്ചിരുന്നുവെന്നും യോഗി ചൂണ്ടിക്കാട്ടി. മലബാർ കലാപത്തിന്റെ ഭീകര മുഖത്തെ വിമർശിച്ച് ആനി ബസന്റ് പുസ്തകമെഴുതിയിട്ടുണ്ട്. അക്കാലത്ത് മലബാറിൽ നിയോഗിക്കപ്പെട്ട ഗൂർഖ റെജിമെന്റിലെ സൈനികർ കലാപകാരികൾക്കെതിരെ ധീരമായി പൊരുതിയതായും യോഗി ആദിത്യനാഥ് പറഞ്ഞു.
ജിഹാദി ഭീകരത മനുഷ്യ വംശത്തിന് മേൽ നടത്തിയ ക്രൂരമായ അഴിഞ്ഞാട്ടമായിരുന്നു മലബാർ വംശഹത്യ. ഈ ജിഹാദി ആശയങ്ങളിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാൻ നാം ഇനിയും പരിശ്രമിക്കേണ്ടതുണ്ടെന്നും യോഗി വ്യക്തമാക്കി.
Discussion about this post