ഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഡൽഹിയിൽ നിന്ന് മടങ്ങി. ചണ്ഡീഗഡ് വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിച്ചു. കോൺഗ്രസിലിനി തുടരുന്നില്ലെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലുമായി അമരീന്ദർ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ക്യാപ്റ്റനെ കണ്ടതിനു ശേഷം ഡോവൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെന്നത് ശ്രദ്ധേയമാണ്.
എന്നാൽ, ബിജെപിയിൽ ചേരുമെന്ന വാർത്തകളെ അദ്ദേഹം നിഷേധിച്ചു. ഞാൻ ഇനി കോൺഗ്രസിൽ ഉണ്ടാകില്ല, പക്ഷേ ബിജെപിയിൽ ചേരുന്നില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ സ്പീക്കർ ആണ് തീരുമാനമെടുക്കേണ്ടതെന്നും വിശ്വാസ വോട്ടെടുപ്പിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് അമരീന്ദർ സിംഗ് ഡൽഹിയിലെത്തിയത്. മുതിർന്ന രാഷ്ട്രീയ നേതാക്കളുമായി അമരീന്ദർ കൂടിക്കാഴ്ച നടത്തി. ഇതിനിടെയാണ് , അദ്ദേഹം കോൺഗ്രസ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. തന്റെ ട്വിറ്റർ ഹാൻഡിൽ നിന്ന് കോൺഗ്രസ് എന്ന വാക്കും അദ്ദേഹം നീക്കം ചെയ്തു.
കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ നിന്ന് നേരിടേണ്ടിവന്ന അപമാനം തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അമരീന്ദറിൻറെ രാജി പഞ്ചാബ് കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പഞ്ചാബിൽ അടുത്ത വർഷം തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അത്തരമൊരു സാഹചര്യത്തിൽ, ബിജെപിയ്ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Discussion about this post