പേരാവൂര്‍: സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ ഹൗസ് ബില്‍ഡിങ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പില്‍ ആരോപണവിധേയനായ സെക്രട്ടറി പി.വി.ഹരിദാസിനെ സഹകരണ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. സൊസൈറ്റിയിലെ സീനിയര്‍ ജീവനക്കാരന് സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയതായും അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്രദോഷ് കുമാര്‍ അറിയിച്ചു. സൊസൈറ്റിക്കുണ്ടായ സാമ്പത്തിക നഷ്ടം മുന്‍ പ്രസിഡന്റ് പ്രിയന്‍, സെക്രട്ടറി പി.വി.ഹരിദാസ് എന്നിവരില്‍നിന്ന് ഈടാക്കാനും നോട്ടീസ് നല്‍കി.
സെക്രട്ടറിയെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ അസിസ്റ്റന്റ് രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച നടന്ന അടിയന്തര ഭരണസമിതി യോഗം ശുപാര്‍ശ നല്കിയിരുന്നു. സൊസൈറ്റിയുടെ ലോക്കറിന്റെയും അലമാരകളുടെയും താക്കോല്‍ കാണാനില്ലെന്ന് പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കും. താക്കോലുകള്‍ ഓഫീസില്‍നിന്നുതന്നെ ലഭിച്ച സാഹചര്യത്തിലാണിത്.
സെക്രട്ടറി രാത്രിയില്‍ ഫയലുകള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസില്‍ നല്കിയ പരാതി പിൻവലിക്കേണ്ടന്നും യോഗം തീരുമാനിച്ചു. അതേസമയം, സൊസൈറ്റിക്ക് ഇടപാടുകാരില്‍നിന്ന് ലഭിക്കാനുള്ള വായ്പാ കുടിശ്ശിക ഉടന്‍ പിരിച്ചെടുത്ത് ബാധ്യതകള്‍ തീര്‍ക്കാനും യോഗത്തില്‍ തീരുമാനമായി.












