ഡൽഹി: ഡൽഹിയിൽ എൻഐഎ റെയ്ഡ് തുടരുന്നു. റെയ്ഡിൽ ഒരു പാകിസ്ഥാനി ഭീകരനെ സംഘം പിടികൂടി. അലി എന്ന മുഹമ്മദ് അഷ്റഫിനെയാണ് ഡൽഹി ലക്ഷ്മി നഗർ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നരോവാൾ ജില്ലക്കാരനാണ് മുഹമ്മദ് അഷ്റഫ്. ഇയാളുടെ പക്കൽ നിന്ന് എകെ 47 ആയുധങ്ങളും ഗ്രനേഡുകളും പോലീസ് കണ്ടെടുത്തു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ആണ് ഇയാളെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് പ്രാഥമിക വിവരം.
ഭീകരാക്രമണം നടത്താനാണ് ഡൽഹിയിലേക്ക് ഇയാളെ അയച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ആയുധങ്ങൾ പ്രവർത്തിപ്പിക്കാൻ ഐഎസ്ഐ പരിശീലനം നൽകിയിരുന്നു. അതിനുശേഷം ഇയാൾ നേപ്പാൾ വഴി ഇന്ത്യയിലേക്ക് പ്രവേശിക്കുകയായിരുന്നു. മുഹമ്മദ് നൂറി എന്ന പേരിൽ ഇന്ത്യൻ പൌരൻ എന്ന വ്യാജേനയാണ് ഇയാൾ ഡൽഹിയിൽ താമസിച്ചത്. ഈ പേരിൽ വ്യാജ ഐഡി കാർഡ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി ശാസ്ത്രി നഗറിലെ ആറാം പാർക്ക് പ്രദേശത്തെ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിലെ രമേശ് പാർക്കിൽ നിന്നാണ് ഇയാളെ ഭീകരനെ ഇന്നലെ അറസ്റ്റ് ചെയ്തത്.
യുപി, ഡൽഹി, കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎയുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. കശ്മീരിൽ തീവ്രവാദി ആക്രമണങ്ങൾ ശക്തമായതിന് പിന്നാലെയാണ് നീക്കം. കശ്മീരിലെ 16 ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. പ്രദേശത്ത് പാകിസ്ഥാനിലെ വിവിധ തീവ്രവാദ സംഘടനകളുടെ നേതൃത്വത്തിൽ ഹൈബ്രിഡ് തീവ്രവാദികൾ പ്രവർത്തിക്കുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഭീകരബന്ധം സംശയിക്കുന്ന നൂറോളം ആളുകളെ വീട്ടുതടങ്കലിൽ ആക്കിയിട്ടുണ്ട്.
Discussion about this post