തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികൻ കൊട്ടാരക്കര സ്വദേശി വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍എത്തിക്കുന്ന ഭൗതിക ശരീരം ‘വൈശാഖം’ എന്ന സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകും. കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്‌കാരം നടത്തും.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച വൈശാഖിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. 24 വയസുകാരനായ വൈശാഖിന്റെ വേര്‍പാട് ഇനിയും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ജൂനിയര്‍ കമ്മീഷന്‍ ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഭീകരരുടെ നുഴഞ്ഞു കയറ്റം തടയുന്നതിനുള്ള സുരക്ഷാ സേനയുടെ ശ്രമമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സൂറന്‍കോട് മേഖലയില്‍ നാല് മുതല്‍ അഞ്ച് വരെ ആയുധധാരികളായ ഭീകരര്‍ നുഴഞ്ഞു കയറി. ഇതേത്തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു.












