ശ്രീനഗര്‍: മൂന്ന് ദിവസത്തെ കാശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുല്‍വാമയിലെ സി ആര്‍ പി എഫ് ക്യാമ്പിൽ പട്ടാളക്കാരോടൊപ്പം രാത്രി ചെലവഴിച്ചു. ലെത്ത്പോരയിലുള്ള സി ആര്‍ പി എഫ് ക്യാമ്പിലാണ് തങ്ങിയത്. ഇവിടെ വച്ചായിരുന്നു 2019ലെ ഭീകരാക്രമണത്തില്‍ നാല്‍പ്പത് ജവാന്‍മാര്‍ വീരമൃത്യു വരിച്ചത്. ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായിരുന്നു ജവാന്‍മാരോട് സംവദിച്ചതെന്ന് പ്രതികരിച്ച ആഭ്യന്തര മന്ത്രി ജമ്മു കാശ്മീരിലെ ക്രമസമാധാന നില വളരെ മെച്ചപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തതുപോലെ സമാധാനപരമായ ജമ്മു കാശ്മീര്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.നരേന്ദ്രമോദി സര്‍ക്കാരിന് ഭീകരപ്രവര്‍ത്തനങ്ങളോട് സഹിഷ്ണുതയില്ല. ഭീകരപ്രവര്‍ത്തനം മനുഷ്യത്വത്തിന് എതിരാണ്. മനുഷ്യരാശിക്കെതിരായ ഇത്തരം ഹീനപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നും സംരക്ഷിക്കുകയെന്നതാണ് മോദി സര്‍ക്കാരിന്റെ മുന്‍ഗണന എന്നും അമിത് ഷാ പങ്കുവച്ചു.
2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം രക്തചൊരിച്ചില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ സി ആര്‍ പി എഫിനോടും മറ്റ് സുരക്ഷാ സേനകളോടും ആഭ്യന്തര മന്ത്രി നന്ദി അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിനെ ജമ്മു കാശ്മീരിലെ ജനങ്ങള്‍ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. പുല്‍വാമയില്‍ 2000 കോടിയുടെ മെഡിക്കല്‍ കോളേജ് നിര്‍മിക്കുമെന്നും അമിത് ഷാ അറിയിച്ചു. 2014ല്‍ പതിനൊന്നാം സ്ഥാനത്തുള്ള ഇന്ത്യ മികച്ച സാമ്ബത്തിക ശക്തിയായി വളരുമെന്നും പറഞ്ഞു.











