തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോശമായി പകർത്തി മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ നടപടികൾ കടുപ്പിച്ച് പോലീസ്. സംഭവത്തിൽ കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. കേസിൽ വയനാട് കാക്കവയൽ സ്വദേശിയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുമായ എബേൽ അഗസ്റ്റിനാണ് ഒന്നാം പ്രതി. വരും ദിവസങ്ങളിൽ കൂടുതൽ പരാതിക്കാരുണ്ടെങ്കിൽ അവരിൽ നിന്ന് നേരിട്ട് മൊഴിയെടുത്ത ശേഷമായിരിക്കും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയെന്ന് കഴക്കൂട്ടം എസിപി അറിയിച്ചു.
മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല രീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഇരുപതിലേറെ ഇരകളുണ്ടെന്നാണ് പോലീസ് പ്രാഥമികമായി വ്യക്തമാക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴ് പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എബേൽ അഗസ്റ്റിനെ ഇന്ന് വീണ്ടും ഡിസിപിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന ലൈംഗിക ചൂഷണത്തിന്റെയും അശ്ലീല പ്രചാരണത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
പ്രതിയായ എബേൽ അഗസ്റ്റിന്റെ ഇൻസ്റ്റാഗ്രാം, ടെലിഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ സഹായത്തോടെ പോലീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. എബേലിന് ഇതിൽ മറ്റ് ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്നറിയാൻ ഇയാളുടെ സുഹൃത്തുക്കളെയും ചില സഹപാഠികളെയും പോലീസ് കർശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുമെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.












