മുംബൈ: രാജ്യത്ത് പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. എ.വൈ.4.2 എന്ന വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്. മുമ്പുണ്ടായിരുന്ന വകഭേദങ്ങളേക്കാള്‍ ഇതിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ ഉത്സവകാലത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു.
സാമൂഹിക അകലം പാലിക്കുന്നതും മാസ്കുകള്‍ ഉപയോഗിക്കുന്നതും പതിവാക്കണം. ഇന്ത്യയില്‍ ഇതുവരെ 25 പേരില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. വൈറസിന്റെ ജെനിറ്റിക് കോഡില്‍ മാറ്റം വന്നിട്ടുണ്ടെന്ന് ഗ്രാന്റ് മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഡോ.വികാര്‍ ഷെയ്ഖ് പറഞ്ഞു.
ജനിതകമാറ്റം മൂലമുണ്ടായ വൈറസ് കൂടുതല്‍ പേരിലേക്ക് ബാധിക്കാനും കൂടുതല്‍ മരണത്തിനും സാധ്യതയുണ്ട്. പുതിയ വൈറസ് വകഭേദം ബാധിച്ച 25 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഇതുസംബന്ധിച്ച ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
യു.കെയിലും പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് എഡിന്‍ബര്‍ഗും യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫെഡും സംയുക്തമായി നടത്തിയ പഠനത്തിലാണ് എ.വൈ.4.2 വകഭേദം കണ്ടെത്തിയത്. ഇന്ത്യയില്‍ പോയി തിരിച്ചെത്തിയ ആളിലായിരുന്നു വൈറസ് വകഭേദം കണ്ടെത്തിയത്. യു.കെയില്‍ കഴിഞ്ഞ മാസം കണ്ടെത്തിയ ഭൂരിപക്ഷം കോവിഡ് കേസുകള്‍ക്കും കാരണം എ.വൈ.4.2 വകഭേദമാണ്.
ലോകത്ത് 33 രാജ്യങ്ങളില്‍ ഇതുവരെ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ജര്‍മ്മനി, അയര്‍ലാന്‍ഡ്, ഡെന്മാര്ക്ക്, യു.എസ്, ഇസ്രായേല്‍, റഷ്യ, ചൈന, യു.കെ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പുതിയ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. പുതിയ വകഭേദം ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Discussion about this post