കൊൽക്കത്ത : സന്ദേശ്ഖാലിയിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ സിബിഐക്കെതിരെ വിദ്വേഷ പരാമർശവുമായി മമത ബാനർജി. കണ്ടെത്തിയ ആയുധങ്ങൾ സിബിഐ തന്നെ അവിടെ കൊണ്ടുവെച്ചതായിരിക്കും എന്നാണ് മമത പ്രതികരിച്ചത്. ഏപ്രിൽ 26നായിരുന്നു സിബിഐ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ അനുയായിയുടെ സന്ദേശ്ഖാലിയിലെ വീട്ടിൽ നിന്നും ആയുധങ്ങളും ബുള്ളറ്റുകളും കണ്ടെത്തിയിരുന്നത്.
നിരവധി തോക്കുകളും ബുള്ളറ്റുകളും മറ്റ് ആയുധങ്ങളും ഷാജഹാൻ ഷെയ്ഖിന്റെ അനുയായിയുടെ വീട്ടിൽ നിന്നും സിബിഐ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. സംഭവം വാർത്തയായതോടെ ആണ് മുഖ്യമന്ത്രി മമത ബാനർജി തന്നെ നേരിട്ട് പ്രതികരിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ പശ്ചിമബംഗാളിനെ അപകീർത്തിപ്പെടുത്താനായി ബിജെപി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന് മമത പ്രതികരിച്ചു.
വെസ്റ്റ് ബര്‍ദ്വാൻ ജില്ലയിലെ കുൽതിയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു മമതാ ബാനർജി സിബിഐക്കെതിരെ വിദ്വേഷ പരാമർശം നടത്തിയത്. ആയുധങ്ങൾ എവിടെ നിന്നാണ് കണ്ടെത്തിയത് എന്നുള്ളത് വ്യക്തമല്ല. ചിലപ്പോൾ സിബിഐ തന്നെ അവരുടെ കാറിൽ കൊണ്ടുവന്നതായിരിക്കാം അതെല്ലാം എന്നായിരുന്നു മമത അഭിപ്രായപ്പെട്ടത്.
Discussion about this post