ഡൽഹി: രാഷ്ട്രീയ ഏകതാ ദിവസത്തിൽ കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം രാജ്യത്തെ വിഭജിക്കുകയും വികസനം മുടക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നാനാത്വത്തെ ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നവരാണ് നമ്മെ വിഭജിക്കാനും മുൻകൈ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് ദേശീയപാതകളിൽ ഗതാഗതം തടസ്സപ്പെടുത്തി വെള്ളിയാഴ്ചകളിൽ നിസ്കരിക്കാൻ അനുവാദം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. അമിത് ഷായുടെ വാക്കുകൾ ‘ഭാരത് മാതാ കീ ജയ്‘ വിളികളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. കോൺഗ്രസ് സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി പ്രീണന രാഷ്ട്രീയം ഉപ്യോഗിച്ചുവെന്നും അത് സമൂഹത്തിൽ വിനാശത്തിന്റെ വിത്ത് വിതച്ചുവെന്നും കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.
രാജ്യത്തിന്റെ ഐക്യം നിലനിർത്തുക അനിവാര്യമാണെന്നും അതിന് സമത്വം സുപ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്‘ എന്ന മുദ്രാവാക്യത്തിലൂന്നിയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം.







