തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് സ്പില്‍വേകള്‍ അടച്ചു. ബാക്കി മൂന്നെണ്ണം അന്‍പത് സെന്റീമീറ്ററായി കുറച്ചു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കുന്നുണ്ട്. സുപ്രിംകോടതി നിയോഗിച്ച സമിതിയാണ് രാവിലെ പത്ത് മണിയോടെ അണക്കെട്ട് പരിശോധിക്കുക.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പില്‍വേ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം. അതേസമയം, കേന്ദ്ര ജലക്കമ്മിഷന്‍ എക്‌സികൂട്ടീവ് എന്‍ജിനീയര്‍ ശരവണ കുമാര്‍ അധ്യക്ഷനായ സമിതിയില്‍ ജലവിഭവ വകുപ്പിലെ എന്‍.എസ് പ്രസീദ്, ഹരികുമാര്‍ എന്നിവര്‍ കേരളത്തിന്റെ പ്രതിനിധികളും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇര്‍വിന്‍, കുമാര്‍ എന്നിവര്‍ തമിഴ്‌നാട് പ്രതിനിധികളുമാണ്.
സ്പില്‍വേ വഴി വെള്ളം തുറന്ന് വിട്ടതിനൊപ്പം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പ് കുറയുന്നുണ്ട്. 138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. സ്പില്‍വേ വഴി പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് ചെറിയ തോതില്‍ കുറഞ്ഞു. സെക്കന്‍ഡില്‍ 2164 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത്











