കുമളി: രാത്രി ലഭിച്ച ശക്തമായ മഴയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് വര്‍ധിച്ചു. 138.95 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള ജലനിരപ്പ് കൂടിയതോടെ അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതോടെ മുല്ലപ്പെരിയാല്‍ അണക്കെട്ടില്‍ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി. ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 3,005 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്.
നേരത്തെ, ജലനിരപ്പ് കുറഞ്ഞതോടെയാണ് അണക്കെട്ടിലെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ ഇന്നലെ തമിഴ് നാട് അടച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ഒന്ന്, അഞ്ച്, ആറ് ഷട്ടറുകള്‍ അടച്ചത്. സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെയായിരുന്നു നടപടി. ആദ്യം തുറന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ എഴുപത് സെന്റീമീറ്ററില്‍നിന്ന് 50 സെന്റീമീറ്റര്‍ ആയി കുറച്ച ശേഷം ഉച്ചയ്ക്കുശേഷമാണ് രണ്ട്, നാല് ഷട്ടറുകള്‍ അടച്ചത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു.
ഇതിനിടെ, സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപവത്കരിച്ച ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തിയിരുന്നു. കേന്ദ്ര ജലക്കമ്മിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശരവണകുമാര്‍ അധ്യക്ഷനായ സമിതിയില്‍ ജലവിഭവ വകുപ്പിലെ എന്‍.എസ്. പ്രസീദ്, ഹരികുമാര്‍ എന്നിവര്‍ കേരളത്തിന്റെ പ്രതിനിധികളായും തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇര്‍വിന്‍, കുമാര്‍ എന്നിവര്‍ തമിഴ് നാട് പ്രതിനിധികളായും പങ്കെടുത്തു.












