അയോധ്യ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയിൽ നടന്ന ദീപോത്സവം ഗിന്നസ് ബുക്കിൽ ഇടം നേടി. നവംബർ 3ആം തീയതി ഉത്തർ പ്രദേശ് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ദീപോത്സവത്തിൽ ഒൻപത് ലക്ഷം മൺചെരാതുകളാണ് പ്രകാശം ചൊരിഞ്ഞത്. ദീപപ്രഭക്ക് പുറമെ ലേസർ ഷോകളും പടക്കങ്ങളും ആഘോഷങ്ങൾക്ക് മിഴിവേകി.
ഏറ്റവും കൂടുതൽ ദീപങ്ങൾ ഒരേസമയം കൊളുത്തിയതോടെയാണ് ദീപോത്സവം ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്തോഷം ട്വിറ്ററിൽ പങ്കുവെച്ചു.
അയോധ്യ എന്ന വിശുദ്ധ നഗരത്തിൽ സരയൂ നദീതീരം ദീപങ്ങളാൽ അലംകൃതമായി. വേദമന്ത്ര ധ്വനികളോടെ സത്യത്തിന്റെയും സ്നേഹത്തിന്റെയും ലോകനന്മയുടെയും പ്രതീകമായി കൊളുത്തിയ ദീപങ്ങൾ ലോക റെക്കോർഡ് നേടിയിരിക്കുകയാണ്. ഭഗവാൻ ശ്രീരാമനോടുള്ള വിശ്വാസികളുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ് ഈ നേട്ടം. ദീപോത്സവത്തിന്റെ ഭാഗമായ എല്ലാവർക്കും നന്ദി പറയുന്നതായും യോഗി ആദിത്യനാഥ് അറിയിച്ചു.








