ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാലു കുട്ടികള്‍ മരിച്ചു. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലാണ് അപകടം.തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ പീഡിയാട്രിക് ഐ .സി.യു പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ തീപിടിത്തമുണ്ടാകുകയായിരുന്നു.
ഐ.സി.യു വാര്‍ഡില്‍ 40ഓളം കുട്ടികള്‍ ചികിത്സയിലുണ്ടായിരുന്നു. 36 കുട്ടികളെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയതായും നാലുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിച്ചെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയർഫോഴ്സിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ എജ്യൂക്കേഷൻ എ.സി.എസ് മുഹമ്മദ് സുലേമാന്‍റെ നേതൃത്വത്തിലാകും അന്വേഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.









