കോട്ടയം എരുമേലി കണിമലയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലകളിൽ പുലർച്ചെ രണ്ടരക്ക് ആണ് ഉരുൾപൊട്ടിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞുവീണു. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾക്ക് നാശനഷ്ടമുണ്ടായി. ജില്ലയിൽ മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടിയത്.
പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേഖലയിലും ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ ഉരുൾപൊട്ടി. കൊക്കാത്തോട് ഒരു ഏക്കർ പ്രദേശത്തെ 4 വീടുകളിൽ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ മറ്റിപ്പാർപ്പിച്ചു. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്
അരുവാപ്പുരം പഞ്ചായത്തിന്റെ ഭാഗമാണ് കൊക്കാത്തോട്. ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായാണ് ഉരുൾപൊട്ടിയത്. ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള ഒരേയൊരു സഞ്ചാരമാർഗമായ കടത്തുവള്ളം ഉൾപ്പെടെ ഒഴുകിപ്പോയി. വയക്കരയിലെ പല ചെറിയ അരുവികളിലും വെള്ളപ്പൊക്കമുണ്ടായി. കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലിൽ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചെയോടെ പെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ള പാച്ചിൽ. ഇതിൽ ആദിവാസി കോളനിയിലേക്കുള്ള പാലം മുങ്ങി. ഇവിടെ മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
Discussion about this post