തിരുവനന്തപുരം: വെള്ളാപ്പള്ളിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. സ്വാമി ശാശ്വതീകാനന്ദയെ കൊന്നതാണെന്നതും കൊല്ലിച്ചത് വെള്ളാപ്പള്ളി നടേശനും മകനുമാണെന്ന വെളിപ്പെടുത്തലാണ് ബിജുരമേശ് നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിക്കെതിരേ വി.എസിന് ചില രേഖകള്‍ സമ്മാനിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി ബിജുരമേശ് എത്തിയിട്ടുള്ളത്.
ഇക്കാര്യം ചെയ്ത പ്രവീണ്വധക്കേസ് പ്രതി പ്രിയന് അക്കാര്യം തന്നോട് ഫോണില്‍ പറഞ്ഞിരുന്നു എന്നാണ് ബിജു രമേശ് വ്യക്തമാക്കിയത്. കൊലപാതകം വെള്ളാപ്പള്ളിക്ക് വേണ്ടിയാണ്. വെള്ളാപ്പളളിക്കെതിരേ സംസാരിക്കാന്‍ സ്വാമിമാര്‍ക്ക് ഭയമാണ്. പിതാവുമായി തെറ്റിയതിന്റെ പേരില്‍ തുഷാര്‍ ദുബായില്‍ വെച്ച് ശാശ്വതീകാനന്ദയെ കയ്യേറ്റം ചെയ്തിരുന്നു. അന്നു രാത്രി തന്നെ സ്വാമി ഡല്‍ഹിയിലേക്ക് തിരിച്ചെന്നും തൊട്ടടുത്ത ദിവസം സ്വാമി അദ്വൈതാശ്രമത്തിലേക്ക് മടങ്ങിയതെന്നും ബിജു രമേശ് പറഞ്ഞു.
എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ 2002 ലാണ് ശാശ്വതീകാനന്ദ പെരിയാറില്‍ മുങ്ങി മരിച്ചത്. സംഭവം കൊലപാതകമാണെന്ന് അന്നു തന്നെ ശാശ്വതീകാനന്ദയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നും സംഭവം സി.ബി.ഐ യെ കൊണ്ട് അന്വേഷിപ്പിച്ച് സത്യം കണ്ടെത്തണമെന്ന് വെള്ളാപ്പളളി നടേശന് പ്രതികരിച്ചു.
Discussion about this post