ബെംഗളൂരു : മംഗളൂരുവില്‍ രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി മൂന്ന് പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 92 ലക്ഷത്തി അമ്പതിനായിരം രൂപയുടെ നിരോധിത നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. കണ്ണൂര്‍ സ്വദേശി സുബൈര്‍, പടീല്‍ സ്വദേശി ദീപക് കുമാര്‍, ബജ്പെ സ്വദേശി അബ്ദുല്‍ നസീര്‍ എന്നിവരെ മംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
അസാധുവാക്കിയ നോട്ടുകള്‍ ശിവമോഗ, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. അഡയാറില്‍ നിന്ന് ലാല്‍ബാഗിലേക്കുള്ള യാത്രാമധ്യേ വാഹന പരിശോധനയ്‌ക്കിടെയായിരുന്നു സംഭവം. രണ്ട് ബാഗുകളിലായാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ഇലക്‌ട്രിക്കല്‍ കോണ്‍ട്രാക്ടറാണ് അറസ്റ്റിലായ ദീപക്. നസീറും സുബൈറും ഡ്രൈവര്‍മാരാണ്. ആയിരം രൂപയുടെ 10 കെട്ടുകളും 500 രൂപയുടെ 57 കെട്ടുകളുമാണ് ഉണ്ടായിരുന്നത്.
50 ശതമാനം മൂല്യമുള്ള പഴയ നോട്ടുകള്‍ ബാങ്ക് എടുക്കുമെന്ന് പ്രചരിപ്പിച്ച് ആളുകളെ കബളിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടത്തിക്കൊണ്ട് വന്ന പണം സൂക്ഷിക്കാനാണ് മംഗളൂരുവില്‍ എത്തിച്ചത്.












