അമ്മയുടെ അനുമതി ഇല്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ സമിതിയില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസ് എടുക്കണമെന്ന ആവശ്യവുമായി അനുപമ. വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് അയക്കുമെന്നും അനുപമ പറഞ്ഞു.
ലൈസന്‍സില്ലാതെ ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്ത് ആണെന്ന് അനുപമ ആരോപിച്ചു. ശിശുക്ഷേമ സമിതി ചെയ്തത് ക്രൂരതയാണ്. ഷിജുഖാന്‍ പദവി ദുരുപയോഗം ചെയ്തുവെന്നും തന്നെയും കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര പ്രദേശിലെ ദമ്പതികളെയും വഞ്ചിയ്ക്കുകയായിരുന്നു എന്നും അനുപമ പറഞ്ഞു. ഷിജു ഖാനെ സഹായിച്ച ശിശുക്ഷേമസമിതി ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ മറയാക്കി ഗുരുതരമായ തെറ്റുകളാണ് ഷിജുഖാന്‍ ചെയ്തിരിക്കുന്നത്. എന്നിട്ടും സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് ഷിജുവിനെ സംരക്ഷിയ്ക്കുകയാണ്. കുഞ്ഞിനെ തിരികെ ലഭിച്ചതിന് ശേഷവും കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ല എന്നും അനുപമ അറിയിച്ചു.
ആന്ധ്രയിലെ ദമ്പതികളില്‍ നിന്നും കേരളത്തിലെ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ ഏറ്റെടുത്തു. ഇന്ന് കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ച് ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടി ക്രമങ്ങള്‍ ആരംഭിയ്ക്കും. ആദ്യം കുഞ്ഞിന്റെ സാംപിളാണ് ശേഖരിക്കുക. പരാതിക്കാരായ അനുപമ എസ്.ചന്ദ്രന്‍, അജിത്ത് കുമാര്‍ എന്നിവരുടെ സാമ്പിള്‍ ശേഖരിക്കാനും നോട്ടീസ് നല്‍കും. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററില്‍ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ് നല്‍കിയിരിക്കുന്നത്. പരിശോധനാ ഫലം വരുന്നത് വരെ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറിനാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല.
Discussion about this post