തൃശൂര്‍ : ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി – മീൻ മാർക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനായി എം.പി ഫണ്ടില്‍ നിന്നും ഒരുകോടി രൂപ അനുവദിച്ചതിന് സുരേഷ് ഗോപിയ്‌ക്ക് നന്ദി പറഞ്ഞ് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ് അയച്ച കത്ത് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച് സുരേഷ് ഗോപി എം.പി. നിരവധിയാളുകളാണ് അഭിനന്ദിച്ചും നന്ദി പറഞ്ഞും പോസ്റ്റിനു താഴെ വരുന്നത്.
‘നൽകിയ വാഗ്ദാനം പാലിക്കപ്പെടുന്ന വാഗ്ദാനമായിരിക്കണം’ എന്ന അരിസ്റ്റോട്ടിലിന്റെ വാക്കുകളും സുരേഷ് ഗോപി പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശ്ശൂരിൽ നിന്നുമുള്ള സ്ഥാനാർത്ഥിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ എം.പി ഫണ്ടിൽ നിന്നും തുക തൃശൂരിന് സുരേഷ് ഗോപി വാഗ്‌ദാനം ചെയ്തിരുന്നു.
തൃശൂരിന്റെ സമഗ്ര വികസനത്തിന് ഏറെ വിലമതിക്കുന്നതാണ് ഫണ്ട് എന്ന് തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗ്ഗീസ് കത്തിൽ പറയുന്നു. ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി മീൻ മാർക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രൊജക്റ്റ് കോർപ്പറേഷൻ തയ്യാറാക്കി അയച്ചു തന്നിട്ടുള്ള വിവരം സുരേഷ് ഗോപിയെ ഓർമ്മപ്പെടുത്തുന്നതായും കത്തിൽ പറയുന്നു.
കത്തിന്റെ പൂർണ്ണ രൂപം :
സ്നേഹ സമ്പന്നനായ സുരേഷ് ഗോപി ജി
സാംസ്ക്കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായ തൃശ്ശിവപേരൂരിന് ആധുനികതയുടെ തിലകക്കുറിയായി താങ്കളുടെ എം പി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചതിന് തൃശൂർ പൗരാവലിയുടെയും കോർപ്പറേഷന്റയും എന്റെയും പേരിൽ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
തൃശൂരിന്റെ സമഗ്ര വികസന പാന്ഥാവിൽ ഏറെ വിലമതിക്കുന്നതാണ് താങ്കളുടെ ഫണ്ട് . ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി – മീൻ മാർക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനായുള്ള പ്രൊജക്റ്റ് തയ്യാറാക്കി താങ്കൾക്ക് അയച്ചു തന്നിട്ടുള്ള വിവരം ഈ അവസരത്തിൽ സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുകയാണ്. ആയതിലേക്ക് കൂടി താങ്കളുടെ ശ്രദ്ധ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതിനോടൊപ്പം സാംസ്കാരിക തലസ്ഥാനത്തിന്റെ സ്നേഹസ്പന്ദനത്തോടൊപ്പം എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന, പ്രത്യേകിച്ച് കോർപ്പറേഷന്റെ സമഗ്ര വികസനത്തിൽ എപ്പോഴും ശ്രദ്ധാലുവായ താങ്കളുടെ സ്നേഹത്തിനും പരിഗണനയ്ക്കും ഒരിക്കൽ കൂടി നന്ദിയും സ്നേഹവും അറിയിക്കുന്നു.
സ്നേഹപൂർവ്വം
എം. കെ. വർഗീസ്
മേയർ
Discussion about this post