ഡല്‍ഹി: ഇന്ത്യയിലെ ഹൈന്ദവ വിഗ്രഹങ്ങള്‍ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഐസിസ് മാഗസിന്‍. വോയ്‌സ് ഓഫ് ഹിന്ദ് എന്ന പേരിലുള്ള മാസിക ഇസ്ലാമിക് സ്റ്റേറ്റ് പുറത്തിറക്കിയതില്‍ ‘വ്യാജദൈവങ്ങളെ തകര്‍ക്കാനുള്ള സമയമായി’ എന്ന കുറിപ്പും കര്‍ണാടകയിലെ മുരുഡേശ്വരിലെ ‘ശിരഛേദം’ ചെയ്ത ശിവ വിഗ്രഹത്തിന്റെ ചിത്രം കവര്‍ ഫോട്ടോ ആക്കിയും ആണ് പുതിയ ലക്കം പുറത്തിറക്കിയത്.
ഇത് കൂടാതെ ശിവഭഗവാന്റെ തകര്‍ന്ന വിഗ്രഹത്തിന്റെ അഗ്രഭാഗത്ത് ഇസ്ലാമിക ഭീകര സംഘടനയുടെ പതാകയും സ്ഥാപിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയില്‍ ഇസ്ലാമിക ഭീകര സംഘടനയുടെ ഭാഗമായ അല്‍ – ഖിതാല്‍ മീഡിയ സെന്ററും, ജുനുദുല്‍ ഖിലാഫ അല്‍ – ഹിന്ദും ചേര്‍ന്നാണ് ‘വോയ്സ് ഓഫ് ഹിന്ദ്’ എന്ന മാസിക പുറത്തിറക്കിയത്. 2021 സെപ്റ്റംബറില്‍ ദേശീയ അന്വേഷണ ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം പാകിസ്താനിലും ബംഗ്ലാദേശിലും നിന്നാണ് മാസിക എത്തുന്നത്.
അഫ്ഗാനിസ്താനില്‍ നിന്നാണ് മാസിക എത്തുന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ദക്ഷിണ കശ്മീരുമായി ബന്ധമുള്ള ഇസ്ലാമിക ഭീകരരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. പാകിസ്താനില്‍ നിന്നാണ് മാസിക എഡിറ്റ് ചെയ്യപ്പെടുന്നതെന്നാണ് നിഗമനം. ചിത്രത്തിലെ വിഗ്രഹം, കര്‍ണാടകയിലെ മുരുഡേശ്വറിലുള്ള ശിവന്റെ വിഗ്രഹത്തോട് സാമ്യമുള്ളതാണ്. അതിനാല്‍ തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച ഈ ചിത്രം ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുകയാണ്.
കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ദിനകര്‍ കേശവ് ഷെട്ടിയാണ് സമൂഹമദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‘ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ വോയ്സ് ഓഫ് ഹിന്ദ് എന്ന മാഗസിന്‍ മുരുഡേശ്വേര ക്ഷേത്രത്തിലെ ശിവ പ്രതിമ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിന്ദു ക്ഷേത്രങ്ങളുടെ സംരക്ഷണവും വികസനവും ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇത്തരം ഭീഷണികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ നമ്മുടെ പ്രതിരോധ വകുപ്പ് സുസജ്ജമാണ്. ആഭ്യന്തരമന്ത്രിക്ക് ഇത് സംബന്ധിച്ച വിവരം കൈമാറിക്കഴിഞ്ഞു. മുരുഡേശ്വര ക്ഷേത്രത്തില്‍ കൂടുതല്‍ സുരക്ഷ ഉടന്‍ ഒരുക്കും’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.









