പറ്റ്ന: ബീഫ് നിരോധന പരാമര്‍ശങ്ങള്‍ ബീഹാറിലെ പ്രചരണരംഗത്തില് ഇനി ഉപയോഗിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം. വികസനത്തെ കുറിച്ച് മാത്രം മന്ത്രിമാരും നേതാക്കളും സംസാരിച്ചാല്‍ മതിയെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
ദ്രാദ്രി സംഭവത്തില്‍ നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി അതിന്മേലുള്ള പരാമര്‍ശങ്ങളും പ്രസ്താവനകളും ബീഹാറില്‍ ആരും നടത്തേണ്ടെന്നാണ് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പകരം വികസനത്തെ കുറിച്ചും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചും പ്രചരിപ്പിക്കാനാണ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ദാദ്രി സംഭവം ബീഹാറില്‍ വിഷയമല്ലെന്നാണ് ബി.ജെ.പി നേതാവ് രാജീവ് പ്രദാപ് റൂഡി പ്രതികരിച്ചത്. പ്രചരണത്തിനിടെ നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു. ബീഹാറില്‍ ഇന്ന് വൈകീട്ടോടെ പരസ്യ പ്രചരണം അവസാനിക്കും.
ദാദ്രി സംഭവത്തിന് ശേഷം ബീഫ് നിരോധനം രാജ്യത്താകെ വലിയ വിവാദമായി മാറിയതോടെ ബീഹാറിലെ തെരഞ്ഞെടുപ്പിലും അത് മുഖ്യ ചര്‍ച്ചാവിഷയമായിരുന്നു. ഹിന്ദുക്കളും ബീഫ് കഴിക്കാറുണ്ടെന്ന ലാലുപ്രസാദ് യാദവിന്റെ പരാമര്‍ശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ആക്രമിച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post