പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ചിത്രത്തെ ബോധപൂർവ്വം തകർക്കാൻ ശ്രമമുണ്ടെന്ന ആരോപണം ആദ്യ ദിവസം മുതലേ തന്നെ ശക്തമായിരുന്നു.
ടെലഗ്രാമിലെ സിനിമാ കമ്പനി എന്ന ഗ്രൂപ്പ് വഴിയാണ് പ്രതി ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. ഇതിനെ തുടർന്ന് യുവാവിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്.
മരക്കാർ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ പേരും ഉടൻ പിടിയിലാകുമെന്നാണ് സൂചന. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച എല്ലാവരും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ പിടിയിലാകുമെന്നാണ് സൂചന.
ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗം യൂട്യൂബിലും പ്രചരിച്ചതായി പരാതിയുണ്ടായിരുന്നു. റിലീസ് ദിവസം മുതൽ തന്നെ ചിത്രത്തിനെതിരെ സംഘടിത സൈബർ ആക്രമണങ്ങളും ഡീഗ്രേഡിംഗും ശക്തമായിരുന്നു. തിയേറ്റർ റിലീസിന് മുൻപ് തന്നെ നൂറ് കോടി കളക്ഷൻ നേടിയ മരക്കാർ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്.
Discussion about this post