എട്ടുമാസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയ സംഭവത്തിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളത്താണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. മുണ്ടക്കുളം മുള്ളൻമടക്കൽ ശ്രീനാഥ് – വിഞ്ജുഷ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകൻ സയാൻസിദ് ആണ് മരിച്ചത്. കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ അമ്മ വിഞ്ജുഷയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് അമ്മയെയും കുഞ്ഞിനെയും വീട്ടിൽ നിന്ന് കാണാതാകുന്നത്. ശ്രീനാഥിന്റെ അമ്മ ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ ഇരുവരെയും കാണാനില്ലെന്ന വിവരമറിയുന്നത്. വിഞ്ജുഷയുടെ മൊബൈൽ ഫോൺ വീട്ടിൽത്തന്നെ വച്ച നിലയിലായിരുന്നു. തുടർന്ന് പരിഭ്രാന്തരായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പരിസരപ്രദേശങ്ങളിൽ വിപുലമായ തിരച്ചിൽ ആരംഭിച്ചു.
ഉച്ചയ്ക്ക് 12.45-ഓടെ മുണ്ടക്കുളം സ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള വീട്ടിന് തൊട്ടടുത്തുള്ള കിണറിന് മുകളിലെ വലയിൽ ചെറിയൊരു വിടവ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വിഞ്ജുഷയെയും കുഞ്ഞിനെയും കിണറ്റിനുള്ളിൽ കണ്ടെത്തിയത്. കുഞ്ഞിനെ നെഞ്ചോടടക്കിപ്പിടിച്ച് കിണറിന്റെ പടവിൽ പിടിച്ച് പകുതിയിലേറെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു യുവതി. ഉടൻതന്നെ നാട്ടുകാർ രണ്ടുപേരെയും പുറത്തെടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












