എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ബി.ജെ.പി. ഉയർത്തുന്ന വർഗീയ മുദ്രാവാക്യങ്ങൾക്ക് എക്സ്റ്റൻഷൻ നൽകുന്ന രീതിയിലാണ് വെള്ളാപ്പള്ളി സംസാരിക്കുന്നതെന്ന് പി. ജയരാജൻ ആരോപിച്ചു. പെരുമ്പാവൂരിൽ നടന്ന പി. ആർ. ശിവൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷവിമർശനം.
1935-ൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവൻ, സർ സി.പിക്കെതിരെ ‘ജന്തുവായ ഹിന്ദു’ എന്ന് പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ച വ്യക്തിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “നായാടി മുതൽ നമ്പൂതിരി വരെ” എന്ന് ബി.ജെ.പി. പറയുമ്പോൾ, “നായാടി മുതൽ നസ്രാണി വരെ” എന്ന് പറയുന്ന ആളായി വെള്ളാപ്പള്ളി മാറി. സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രത്തോളമുണ്ടെന്ന് ശ്രീനാരായണീയരായ ആളുകൾ കൃത്യമായി ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീനാരായണീയർ ഈ വിഷയത്തിൽ ചിന്തിക്കുക തന്നെ വേണമെന്നും, അതിനായി ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും പി. ജയരാജൻ ഓർമ്മിപ്പിച്ചു.












