ഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഡൽഹി കന്റോണ്മെന്റിൽ നടക്കുമെന്ന് റിപ്പോർട്ട്. ഇരുവരുടെയും ഭൗതികാവശിഷ്ടങ്ങൾ നാളെ രാജ്യതലസ്ഥാനത്ത് എത്തിക്കും.
ഇന്ന് നടന്ന കാബിനറ്റ് കമ്മിറ്റി യോഗത്തിൽ ജനറൽ ബിപിൻ റാവത്തിനോടും വ്യോമ ദുരന്തത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവരോടുമുള്ള ആദരസൂചകമായി രണ്ട് മിനിട്ട് മൗനം ആചരിച്ചു. ദു:ഖം ഘനീഭവിച്ച മുഖവുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അടുത്ത സംയുക്ത സേനാ മേധാവിയെ സംബന്ധിച്ച തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടാകും എന്നാണ് സൂചന.








