ചെന്നൈ: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഭൗതിക ദേഹം വഹിച്ചു കൊണ്ടുള്ള യാത്രക്ക് ധീരോദാത്തവും വികാര നിർഭരവുമായ യാത്രാമൊഴിയേകി തമിഴ്ജനത. ‘ഭാരത് മാതാ കീ ജയ്‘ വിളികളോടെ തെരുവോരങ്ങളിൽ ആബാലവൃദ്ധം ജനങ്ങൾ തടിച്ച് കൂടി. ‘വീരവണക്കം‘ (ധീരന് പ്രണാമം) എന്ന മുദ്രാവാക്യം വിളികളുമായി സംയുക്ത സേനാ മേധാവിയുടെ അന്ത്യയാത്രക്ക് വീരോചിതമായ അഭിവാദ്യമാണ് തമിഴ്മക്കൾ അർപ്പിക്കുന്നത്.
മദ്രാസ് റെജിമെന്റൽ സെന്ററിൽ നിന്ന് ആംബുലൻസിലാണ് ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ഒപ്പം കൊല്ലപ്പെട്ട 11 പേരുടെയും മൃതദേഹം സുലൂർ നാവിക താവളത്തിൽ എത്തിച്ചത്. വൈകുന്നേരത്തോടെ സൈനിക വിമാനത്തിൽ ഭൗതികാവശിഷ്ടങ്ങൾ ഡൽഹിയിൽ എത്തിക്കും. അന്ത്യകർമ്മങ്ങൾ വെള്ളിയാഴ്ച ഡൽഹി കന്റോണ്മെന്റിൽ നടക്കും.
വെള്ളിയാഴ്ച പകൽ 11.00നും 2.00നും ഇടയിൽ ഭൗതിക ദേഹം ബിപിൻ റാവത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി ഭൗതിക ദേഹം കാമരാജ് മാർഗിൽ നിന്നും ഡൽഹി കന്റോണ്മെന്റിൽ എത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കും.








