കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിഡ്ഡറുടെ ഭൗതികശരീരം സംസ്കരിച്ചു. ഡല്‍ഹി കന്റോണ്മെന്റിലുള്ള ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. ധീര ജവാന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്, കരസേന മേധാവി എംഎം നരവണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറല്‍ ആര് ഹരികുമാര്‍, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി, എന്‍എസ്എ അജിത്ത് ഡോവല്‍ ഉള്‍പ്പെടെയുള്ളവരും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും ആദരാഞ്ജലി അര്‍പ്പിച്ചു. ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും അന്തിമോപചാരം അര്‍പ്പിച്ചു.
ഹരിയാണയിലെ പഞ്ച്കുല സ്വദേശിയാണ് ബ്രിഗേഡിയര്‍ ലിഡ്ഡെര്‍. പാര്‍ലമെന്റിലെ മിലിട്ടറി കാര്യ വകുപ്പില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഡിഫന്‍സ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മേജര്‍ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. പുതിയ ചുമതല ഏറ്റെടുക്കാനിരിക്കെയാണ് ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരണം സംഭവിച്ചത്. ബിപിന്‍ റാവത്തിന്റെ സ്റ്റാഫ് അംഗമായുള്ള അവസാനത്തെ ചടങ്ങലില്‍ പങ്കെടുക്കാനായാണ് വെല്ലിങ്ടണിലേക്ക് പുറപ്പെട്ടത്. 1990 ലായിരുന്നു അദ്ദേഹം ജമ്മു കശ്മീര്‍ റൈഫിള്‍സില്‍ ജോലി ആരംഭിച്ചത്. ഇന്ത്യയുടെ കസാഖിസ്താനിലെ സൈനിക നടപടിയില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഒരാളായിരുന്നു ലിഡ്ഡര്‍. സേനാമെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവ നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
അതേസമയം അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും ഭൗതികശരീരം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. 1.30 ന് ശേഷം ഡല്‍ഹി കന്റോണ്‍മെന്റിലെ ശ്മശാനത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടത്തും. ഇവരുടേയും ലാന്‍സ് നായിക് വിവേക് കുമാറിന്റെയും മൃതദേഹങ്ങള്‍ മാത്രമാണ് ഇതു വരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കി ഒമ്പത് സൈനികരുടെ മൃതദേഹങ്ങളുടെയും ഡിഎന്‍എ പരിശോധന പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അതുവരെ മൃതദേഹങ്ങള്‍ സേനാ ആശുപത്രിയിലാണ് സൂക്ഷിക്കുക.
Discussion about this post