ഡൽഹി: കാശി വിശ്വനാഥ ഇടനാഴി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എപ്പോഴൊക്കെ ഔറംഗസേബുമാർ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ വീരശിവജിമാരും ഉയിർകൊണ്ടിട്ടുണ്ട്, ഇത് ഈ ഭാരത ഭൂമിയുടെ മാത്രം സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി സുൽത്താനത്തുകൾ ഉയരുകയും ക്ഷയിക്കുകയും ചെയ്തുവെങ്കിലും ബനാറസ് നിലനിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗംഗയിൽ മുങ്ങി നിവർന്ന് കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇടനാഴി രാജ്യത്തിന് സമർപ്പിച്ചത്. ആക്രമണകാരികൾ ഈ നഗരം ആക്രമിക്കാൻ പല തവണ ശ്രമിച്ചു. ഔറംഗസേബിന്റെ ഭീകരതയ്ക്കും ക്രൂരതയ്ക്കും ചരിത്രം സാക്ഷിയായി. വാൾ കൊണ്ട് സംസ്കാരത്തെ മാറ്റിമറിക്കാൻ അദ്ദേഹം ശ്രമിച്ചു. സംസ്കാരത്തെ മതഭ്രാന്ത് കൊണ്ട് തച്ചുടയ്ക്കാമെന്ന് അദ്ദേഹം കരുതി. എന്നാൽ ഈ ഭാരതഭൂമി മറ്റ് ദേശങ്ങളെ പോലെയല്ല. ഇവിടെ ഒരു ഔറംഗസേബ് വന്നാൽ ഒരു ശിവജിയും ജനിക്കും. ഒരു സലാർ മസൂദ് മുന്നോട്ട് പോയാൽ രാജ സുഹലദേവനെ പോലെയുള്ള ശൂരന്മാർ നമ്മുടെ ഏകതയുടെ ശക്തി പ്രകടമാക്കും. പ്രധാനമന്ത്രി പറഞ്ഞു.
കാശി വിശ്വനാഥ ധാമിന്റെ പുതിയ നിർമ്മിതി വെറുമൊരു കെട്ടിടം മാത്രമല്ല, മറിച്ച് ഭാരതത്തിന്റെ സനാതന സംസ്കൃതിയുടെ പ്രതീകമാണ്. നമ്മുടെ ആത്മീയ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. നേരത്തെ മൂവായിരം സ്ക്വയർ ഫീറ്റ് മാത്രമുണ്ടായിരുന്ന ക്ഷേത്രഭൂമി ഇന്ന് അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് നിലനിൽക്കുന്നത്. ഇപ്പോൾ അമ്പതിനായിരം മുതൽ എഴുപത്തയ്യായിരം വരെ ഭക്തർക്ക് ഇവിടെ ദർശനം നടത്താൻ സാധിക്കും. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പുതിയ ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്, നമ്മൾ അതിന് സാക്ഷികളായിരിക്കുന്നു. മഹത്തായ ഈ നിർമ്മിതിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ച് തൊഴിലാളികൾക്ക് ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. കൊവിഡ് കാലത്ത് പോലും ഇവിടെ ജോലികൾ തുടർന്നിരുന്നുവെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
കാശി വിശ്വനാഥ ധാം പദ്ധതിക്കായി രപകൽ കഷ്ടപ്പെട്ട ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രത്യേകം നന്ദി അറിയിക്കുന്നു. ഇവിടെ എത്തുന്നവർക്ക് വിശ്വാസം മാത്രമല്ല ദർശിക്കാൻ സാധിക്കുന്നത്. നമ്മുടെ ഭൂതകാലങ്ങളുടെ മഹത്വവും ഇവിടെ ദർശിക്കാൻ സാധിക്കും. പൗരാണികതയും നവീനതയും ഇവിടെ സംഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തിന് വേണ്ടി മൂന്ന് കാര്യങ്ങൾ കൂടി ഞാൻ എന്റെ ജനതയോട് ആവശ്യപ്പെടുന്നു. ശുചിത്വം, സർഗ്ഗാത്മകതയും ശാസ്ത്രബോധവും ഒപ്പം സ്വയം പര്യാപ്ത ഭാരതത്തിന് വേണ്ടിയുള്ള തീവ്രപരിശ്രമം. പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post