ഇസ്ലാമാബാദ്: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ ദുരന്തത്തെക്കുറിച്ച് വിചിത്ര വാദവുമായി പാക് രാഷ്ട്രീയ നേതാവ് അബ്ദുൾ റഹ്മാൻ മാലിക്. അമിത് ഷായെ പ്രധാനമന്ത്രിയാക്കാൻ തമിഴ്നാട് ആസൂത്രണം ചെയ്തതാണ് സൈനിക ഹെലികോപ്ടർ ദുരന്തമെന്നാണ് മാലികിന്റെ വാദം. പാക് വാർത്താ ചാനലായ ജിയോ ന്യൂസിൽ നടന്ന സംവാദത്തിനിടെയായിരുന്നു മാലികിന്റെ അബദ്ധ പരാമർശം.
തമിഴ്നാട് എന്നത് ഒരു സംഘടനയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മാലിക് സംസാരിച്ചത്. ‘മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതും തമിഴ്നാടായിരുന്നു. അതും രാഷ്ട്രീയ അട്ടിമറിയായിരുന്നു. ശ്രീലങ്കയിൽ നിന്നും വേർപെട്ടതിൽ തമിഴ്നാടിന് ഇപ്പോഴും ഇന്ത്യയോട് പകയുണ്ട്.‘ ഇങ്ങനെ പോകുന്നു അബ്ദുൾ റഹ്മാൻ മാലികിന്റെ വിചിത്രവാദങ്ങൾ.
‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറെ പ്രിയങ്കരനായിരുന്നു ജനറൽ ബിപിൻ റാവത്ത്. ബിപിൻ റാവത്തിനെയും അജിത് ഡോവലിനെയും സമർത്ഥമായി ഉപയോഗിച്ച് മോദി പാകിസ്ഥാനെ ഏറെ വിഷമിപ്പിച്ചിട്ടുണ്ട്. അതാണ് വിരമിച്ചിട്ടും വിടാതെ മോദി റാവത്തിന് പുതിയ പദവി നൽകി നിലനിർത്തിയത്. എന്നാൽ പുതിയ കരസേനാ മേധാവിക്ക് അമിത് ഷായോടാണ് കൂറ്. അമിത് ഷായെ പ്രധാനമന്ത്രിയാക്കാൻ വേണ്ടി അവർ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് അപകടം.‘ ഇതായിരുന്നു മാലികിന്റെ സിദ്ധാന്തം.
എന്നാൽ മാലികിന്റെ അബദ്ധങ്ങൾക്ക് ട്രോൾ കൊണ്ട് മറുപടി തീർക്കുകയാണ് ഇന്ത്യക്കാർ. ജിയോ ടിവിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് താഴെ പരിഹാസ ശരങ്ങൾ എയ്യുകയാണ് സൈബർ ലോകം. വാർത്തയ്ക്ക് മറുപടിയായി മലയാളത്തിലുള്ള കമന്റുകളും നിറയുന്നുണ്ട്. ‘അതൊക്കെ അവിടെ നിൽക്കട്ടെ, അടിച്ച ബ്രാൻഡ് ഏതാണെന്ന് പറ‘, ‘മരുന്ന് മാറിക്കഴിച്ചാൽ ഇങ്ങനെയൊക്കെ തോന്നാറുണ്ട്‘, ‘വലിക്കുന്നതിന് പകരം കൂട്ടിയിട്ട് കത്തിച്ച് ആവി പിടിച്ചാൽ ഇങ്ങനെയൊക്കെ തോന്നുന്നത് സ്വാഭാവികം‘ തുടങ്ങിയ കമന്റുകളാണ് മലയാളികൾ എഴുതി വിടുന്നത്. എന്നാൽ ഈകമന്റുകളൊക്കെ ജിയോ ന്യൂസ് ഡിലീറ്റ് ചെയ്യുന്നുണ്ട്.
Discussion about this post