ഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ പെഗാസസിൽ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ സുപ്രീം കോടതി സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ച ശേഷവും സംസ്ഥാന സർക്കാർ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിൽ ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി. സുപ്രീം കോടതിയുടെ നിർദേശം അംഗീകരിക്കാമെന്ന് ഒടുവിൽ ബംഗാൾ സർക്കാർ സമ്മതിച്ചു.
ഇതോടെ മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി ലോകറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ കമീഷന്റെ അന്വേഷണം അവസാനിച്ചു. സംസ്ഥാൻ സർക്കാർ നൽകിയ ഉറപ്പിന് എന്ത് സംഭവിച്ചുവെന്ന് സർക്കാർ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയോട് കോടതി ആരാഞ്ഞു. ഗ്ലോബൽ വില്ലേജ് ഫൗണ്ടേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
കേസിലെ എല്ലാ കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.









