ഉത്തര കൊറിയയിൽ മദ്യപാനം, ഷോപ്പിംഗ്, പൊട്ടിച്ചിരി എന്നിവ നിരോധിച്ച് ഏകാധിപതി കിംഗ് ജോൻ ഉൻ. സന്തോഷ സൂചകമായ എല്ല പരിപാടികളും 11 ദിവസത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. കിംഗ് ജോംഗ് ഉന്നിന്റെ പിതാവും മുൻ ഭരണാധികാരിയുമായിരുന്ന കിം ജോംഗ് ഇലിന്റെ പത്താം ചരമ വാർഷികത്തിനോട് അനുബന്ധിച്ചാണ് നിരോധനം.
ഡിസംബർ 17 മുതൽ നിരോധനം നിലവിൽ വരുമെന്നാണ് വിവരം. 1994 മുതൽ 2011 ഡിസംബർ 17 വരെയായിരുന്നു ഇൽ ഉത്തര കൊറിയ ഭരിച്ചിരുന്നത്. 1994ൽ കിം ഇൽ സുംഗിന്റെ കാലശേഷമാണ് മകൻ കിം ജോംഗ് ഇൽ ഭരണ നിർവഹണം ഏറ്റെടുത്തത്.
ഉത്തരവ് ലംഘിക്കുന്നവർക്ക് കഠിനമായ ശിക്ഷയായിരിക്കും ലഭിക്കുക. ആളുകൾ ആവശ്യത്തിന് വിലപിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസിനെ ഏർപ്പെടുത്തിയതായാണ് വിവരം. ഇതിന് മുൻപ് ദു:ഖാചരണം ലംഘിച്ച് ചിരിക്കുകയും മദ്യപിക്കുകയും ആവശ്യത്തിന് കരയാതിരിക്കുകയും ചെയ്തവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെയൊന്നും പിന്നീട് ആരും കണ്ടിട്ടില്ല.











