ആലപ്പുഴ: ജില്ലയിലെ ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനും കേരളാ പൊലീസിനുമെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന് രംഗത്ത്. കൊലപാതകം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. ആലപ്പുഴയില്‍ നടന്ന കൊലപാതകം അപലപനീയമാണ്. അക്രമികള്‍ക്ക് പരോക്ഷ പിന്തുണ നല്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്താണ് ഇന്നലെ കൊലപാതകം നടന്നത്. അത് ബിജെപിയുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ബുദ്ധി ആരുടേതാണെന്ന് കണ്ടെത്തണം. കൊലയ്ക്ക് കൊല എന്നതാണോ നിയമവാഴ്ചയുള്ള സംസ്ഥാനത്തിന്റെ സമീപനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഴ്ചകള്‍ക്ക് മുമ്പാണ് പാലക്കാടും കൊലപാതകം നടന്നത്. അക്രമികള്‍ക്ക് പൊലീസും സര്‍ക്കാരും സംരക്ഷണം നല്‍കുകയാണ്. ഇസ്ലാമിക ഭീകരവാദികള്‍ക്ക് വളമിട്ട് കൊടുക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഭീകരവാദികള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post