മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും, പദ്ധതിക്ക് പിന്നില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും കെ റെയില്‍ വിഷയത്തില്‍ പ്രതികരിച്ച് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. കെ റെയില്‍ കേരളത്തെ രണ്ട് മേഖലയാക്കി തിരിക്കും. ഇത് സാമൂഹ്യ രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിലിനായി 63940. 67 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവ് പറയുന്നത്. ഒരു ലക്ഷം കോടി രൂപയ്ക്ക് എങ്കിലും കെ റെയില്‍ പൂര്‍ത്തിയാക്കാന്‍ പിണറായിക്ക് പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു.
പദ്ധതി പൂര്‍ത്തിയാക്കാന്‍ 4.5 ലക്ഷം കോടി ചെലവാകുമെന്ന് പിസി ജോര്‍ജ് അവകാശപ്പെട്ടു. കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനം ഇപ്പോള്‍ തന്നെ കടക്കെണിയിലാണ്. ഇനിയും കടമെടുത്താല്‍ ജനങ്ങള്‍ക്ക് റേഷന്‍ പോലും ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. 2025-ല്‍ പണി തീര്‍ക്കുമെന്ന് പറയുന്ന പിണറായിക്ക് 2030 ല്‍ എങ്കിലും പണി തീര്‍ക്കാന്‍ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു.
530 കിലോമീറ്റര്‍ നീളം വരുന്ന സില്‍വര്‍ ലൈനില്‍ 13 കിലോ മീറ്റര്‍ പാലവും, 11.5 കിലോമീറ്റര്‍ തുരങ്കവും ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 70 കിലോമീറ്റര്‍ നീളത്തിലെങ്കിലും പാലം തന്നെ വരുമെന്ന് പി സി ജോര്‍ജ് പറഞ്ഞു. ജപ്പാനില്‍ ഉപേക്ഷിച്ച ട്രെയിനുകളാണ് ഇവിടെ കെ റെയിലിനായി കൊണ്ടുവരുന്നത്. ഇത് ആക്രിക്കച്ചവടമാണ്. ജപ്പാനില്‍ നിന്ന് പിണറായി ആക്രിക്കച്ചവടക്കാരനെപ്പോലെ ഇത് മേടിച്ച് കൊണ്ട് വന്ന് ഇവിടെ സ്ഥാപിച്ച് കച്ചവടം ചെയ്യുകയാണ്. 30,000 കോടി ജപ്പാന് തരുമെന്ന് പിണറായി പറഞ്ഞത് ഈ ആക്രി വാങ്ങിയതിനുള്ള പൈസയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് ഈ പദ്ധതിയില്‍ എന്തിനാണ് ഇത്ര താല്പര്യമെന്നും, കേന്ദ്രത്തിന്റെ പുതിയ ഡബിള്‍ ലൈന്‍ പദ്ധതി രാജ്യം മുഴുവന്‍ വരുമ്പോള്‍ ഇവിടെ ഈ പദ്ധതിയുടെ ആവശ്യം എന്താണെന്നും പിസി ജോര്‍ജ് ചോദിച്ചു. കെ റെയിലില്‍ മുഴുവന്‍ അഴിമതിയാണ്. സിലവര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സംസ്ഥാനത്ത് പിണറായി സര്‍ക്കാരിന്റെ ആറാം കൊല്ലത്തെ ഭരണത്തില്‍ കേരളം ആകെ നശിച്ചിരിക്കുകയാണെന്നും അദ്ദേഹം രാജിവെച്ച് ഒഴിയണമെന്നും പിസി ജോര്‍ജ് പറഞ്ഞു.
Discussion about this post