പത്തനംതിട്ട : വോട്ടിംഗ് മെഷീനിലെ താമരയ്ക്ക് വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിന് മറ്റുചിഹ്നങ്ങളേക്കാൾ വലിപ്പം കൂടുതലാണ്. കൂടാതെ താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണുന്ന രീതിയിലാണുള്ളത്. എന്നാൽ മറ്റുചിഹ്നങ്ങൾ മങ്ങിയാണ് വോട്ടിംഗ് മെഷീനിൽ ഉള്ളത് എന്നും ആന്റോ ആന്റണി പരാതി ഉന്നയിച്ചു.
പത്തനംതിട്ടയിൽ മാത്രമല്ല മറ്റു പല മണ്ഡലങ്ങളിലും വോട്ടിംഗ് മെഷീനിൽ താമരയ്ക്കാണ് വലിപ്പം കൂടുതലുള്ളത് എന്നും ആന്റോ ആന്റണി ആരോപിച്ചു. തന്റെ പരാതി തിരഞ്ഞെടുപ്പ് വരണാധികാരിയെ അറിയിച്ചിട്ടുണ്ട് എന്നും ആന്റോ ആന്റണി വ്യക്തമാക്കി. താമരയ്ക്ക് വലിപ്പം കൂടുതലാണെന്ന പരാതി കൂടാതെ പത്തനംതിട്ട കുമ്പള വടക്ക് ഒന്നാം നമ്പർ ബൂത്തിൽ വച്ച് ആന്റോ ആന്റണി ബിജെപി പ്രവർത്തകരുമായി വാക്കേറ്റം ഉണ്ടാക്കുകയും ചെയ്തു. ഇത് പിന്നീട് യുഡിഎഫ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലേക്ക് എത്തിച്ചേരുകയും ചെയ്തിരുന്നു.
Discussion about this post