ഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഒമിക്രോണ്‍ കേസുകള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് യോഗം.
ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ ഒമിക്രോണ്‍ വ്യാപന തോതും, പ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളെ കുറിച്ചും ചര്‍ച്ച നടത്തും.
രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 220 കടന്നു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണ്. രോഗവ്യാപനം തടയാന്‍ വാര്‍ റൂമുകള്‍ സജീവമാക്കണം എന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍ക്ക് ഡൽഹി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ജില്ലാ അധികൃതരോടും പൊലീസിനോടും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനും ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയെ കൂടാതെ കര്‍ണാടകയിലും മുംബൈയിലും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post