ഡൽഹി: ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ രണ്ട് കൊവിഡ് വാക്സിനുകൾക്ക് കൂടി അംഗീകാരം നൽകി ഇന്ത്യ. കൊവോവാക്സ്, കോർബിവാക്സ് എന്നീ വാക്സിനുകൾക്കാണ് ഇന്ത്യ അംഗീകാരം നൽകിയത്. കൊവിഡിനെ ചെറുക്കാൻ ശേഷിയുള്ള ആന്റി വൈറൽ മരുന്നിനും ഇന്ത്യ അംഗീകാരം നൽകി.
അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് ഇവയ്ക്ക് അംഗീകാരം നൽകിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. യുകെയിലും അമേരിക്കയിലും ഉൾപ്പെടെ ഉപയോഗിച്ച് വരുന്ന മോൽനുപിരാവിർ ആന്റി വൈറൽ ഗുളികയ്ക്കാണ് ഇന്ത്യ അംഗീകാരം നൽകിയിരിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ വാക്സിനാണ് കോർബിവാക്സ്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ-ഇ എന്ന സ്ഥാപനമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഇത് ഹാട്രിക് ആണ് എന്നാണ് മൂന്നാമത്തെ ഇന്ത്യൻ വാക്സിനെ കേന്ദ്ര ആരോഗ്യ മന്ത്രി വിശേഷിപ്പിച്ചത്.
കൊവിഷീൽഡ് ഉത്പാദിപ്പിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് തന്നെയാണ് കൊവോവാക്സും ഉത്പാദിപ്പിക്കുന്നത്.
ഹൈറിസ്ക് വിഭാഗത്തിൽ പെടുന്ന, ലക്ഷണങ്ങളോട് കൂടിയ പ്രായപൂർത്തിയായ രോഗികൾക്ക് അടിയന്തര ഘട്ടത്തിൽ നിയന്ത്രിത ഉപയോഗത്തിനാണ് ആന്റി വൈറൽ ഗുളിക മോൽനുപിരാവിറിന് അംഗീകാരം നൽകിയിരിക്കുന്നത്.








