ഡൽഹി: വിവേക് വിഹാറിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. പ്രതികളും യുവതിയും തമ്മിലുള്ള വ്യക്തി വൈരാഗ്യത്തെ തുടർന്നായിരുന്നു അതിക്രമമെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ യുവതിയുടെ മുടി മുറിക്കുകയും ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.
യുവതിയുടെ പിന്നാലെ നടന്നിരുന്ന ഒരു ചെറുപ്പക്കാരൻ കഴിഞ്ഞ നവംബറിൽ ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ ആത്മഹത്യക്ക് കാരണം യുവതിയാണ് എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
യുവതിയുടെ ഇളയ സഹോദരിയാണ് അതിക്രമത്തെ കുറിച്ച് പൊലീസിൽ അറിയിക്കുന്നത്. നിലവിൽ യുവതി ചികിത്സയിലാണ്. പ്രതികളെ നിമിഷങ്ങൾക്കകം പിടികൂടിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.







