ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ ഇന്ന് ഗവര്‍ണ്ണര്‍ക്ക് വിശദീകരണം നല്‍കും. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി എന്നായിരിക്കും മറുപടി. ലോക്പാല്‍ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാനത്തിന്റെ വിഷയമായെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും സര്‍ക്കാര്‍ അറിയിക്കും. സര്‍ക്കാര്‍ നല്കുന്ന വിശദീകരണത്തില്‍ ഗവര്‍ണ്ണര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാവും. ഇന്ന് വൈകിട്ടാണ് ലക്ഷദ്വീപ് സന്ദര്‍ശനം കഴിഞ്ഞ് ഗവര്‍ണ്ണര്‍ തിരുവനന്തപുരത്ത് എത്തുക.
ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ഗവര്‍ണ്ണറെ കണ്ട് പരാതി അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഗവര്‍ണ്ണര്‍ ഇടപെട്ടത്. ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതികളില്‍ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമ ഭേദഗതി ലോകായുക്തയുടെ അധികാരം കവരുമെന്നാണ് പ്രധാന വിമര്‍ശനം. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നത് ആ സംവിധാനത്തെ തന്നെ ദുര്‍ബലപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയന്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു എന്നിവര്‍ക്കെതിരായ പരാതികള്‍ ലോകായുക്തിയില് നിലനില്‍ക്കെ തിരിച്ചടി ഭയന്നാണ് ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.
Discussion about this post