ആലപ്പുഴ: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിൽ ചേരാൻ തയ്യാറായിരുന്നെന്ന വാർത്തകളോട് പ്രതികരിച്ച് ശോഭ സുരേന്ദ്രൻ. ബിജെപിയിൽ ചേരാൻ തയ്യാറായ നേതാവ് ഇപി ജയരാജൻ തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം 90 ശതമാനത്തോളം പൂർത്തിയായിരുന്നു. എന്നാൽ, പാർട്ടിയിൽ നിന്നും കനത്ത ഭീഷണി നേരിട്ടിരുന്നു. ഇതേതുടർന്നാണ് തീരുമാനത്തിൽ നിന്നും അദ്ദേഹം പിൻമാറിയതെന്നും ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തി.
ജയരാജന്റെ മകനുമായി താൻ എറണാകുളത്തെ ഹോട്ടലിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ശോഭ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ജയരാജന്റെ മകൻ അയച്ച സന്ദേശവും പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡൽഹിയിലേക്ക് പോകുന്നതിനായി ദല്ലാൾ നന്ദകുമാർ എടുത്തു നൽകിയ ടിക്കറ്റും ശോഭ പുറത്തുവിട്ടു.
വിവാദ ദല്ലാൾ ടി ജി നന്ദകുമാറിനെതിരെ സംസ്ഥാന ഡിജിപി ക്കും ദേശീയ വനിതാ കമ്മീഷനും പരാതി നൽകിയിട്ടുള്ളതായും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. എല്ലാ തെളിവുകളും നൽകിയിട്ടും സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് ദല്ലാൾ നന്ദകുമാറിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതെന്നും ശോഭാ സുരേന്ദ്രൻ ചോദ്യമുന്നയിച്ചു. ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രമുഖ സിപിഎം നേതാവും ദല്ലാൾ നന്ദകുമാറും ഒന്നിച്ചാണ് ഡൽഹിയിൽ വന്നിരുന്നത് എന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.












