അഹമ്മദാബാദ്: 2008ലെ അഹമ്മദാബാദ് സ്ഫോടന കേസിൽ 49 പ്രതികൾ കുറ്റക്കാരെന്ന് ഗുജറാത്തിലെ പ്രത്യേക കോടതി വിധിച്ചു. കേസിലെ 77 പ്രതികളിൽ 28 പേരെ കോടതി കുറ്റവിമുക്തരാക്കി. കുറ്റവിമുക്തരാക്കപ്പെട്ട പ്രതികളിൽ 16 പേർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകിയ കോടതി 12 പേരെ തെളിവില്ലാത്തതിന്റെ പേരിലാണ് വെറുതെ വിട്ടത്.
2008ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന സ്ഫോടന പരമ്പരയിൽ 56 പേർ കൊല്ലപ്പെടുകയും 220 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ഭീകരർ ദേശീയ തലത്തിൽ ഗൂഢാലോചന നടത്തിയിരുന്നതായി ഗുജറാത്ത് പൊലീസ് കണ്ടെത്തിയിരുന്നു. നിരോധിത ഭീകര സംഘടനയായ സിമിയുടെ ഉപസംഘടനയായ ഇന്ത്യൻ മുജഹിദ്ദീനാണ് സ്ഫോടനത്തിന് പിന്നിൽ എന്നും കണ്ടെത്തിയിരുന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട് 35 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. അഹമ്മദാബാദിലും സൂറത്തിലുമാണ് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിരുന്നത്. കൊലപാതകം, കൊലപാതക ശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നിവയ്ക്ക് പുറമെ പ്രതികൾക്കെതിരെ യു എ പി എയും ചുമത്തിയിരുന്നു.








