കശ്മീർ വിഘടനവാദികളെ പിന്തുണച്ച് പരസ്യം പുറത്തിറക്കിയ സംഭവത്തിൽ ഇന്ത്യയോട് മാപ്പ് ചോദിച്ച് കൊറിയൻ വാഹന കമ്പനിയായ ഹ്യൂണ്ടായ്. കശ്മീരിന് ഐക്യദാർഢ്യം എന്ന പേരിൽ കമ്പനിയുടെ ട്വിറ്റർ, ഫേസ്ബുക്ക് ഹാൻഡിലുകളിൽ വന്ന പരസ്യം തയ്യാറാക്കിയത് പാകിസ്ഥാനിയായ വിതരണക്കാരൻ ആയിരുന്നു. ഈ പരസ്യം പിൻവലിക്കുന്നതായും കമ്പനി അറിയിച്ചു.
കമ്പനിയുടെ ഇന്ത്യാ വിരുദ്ധ പരസ്യത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. ഒരു മേഖലയിലെയും രാഷ്ട്രീയമോ മതപരമോ ആയ വിഷയങ്ങളിൽ തങ്ങൾ അഭിപ്രായം പറയില്ലെന്നും തങ്ങളുടെ ബിസിനസ്സ് നയങ്ങൾക്ക് വിരുദ്ധമായ ഇത്തരം സംഭവങ്ങൾ ഇനി മേലിൽ ഉണ്ടാകില്ലെന്നും ഹ്യൂണ്ടായ് അറിയിച്ചു.
വിവരം ശ്രദ്ധയിൽ പെട്ട ഉടനെ പാകിസ്ഥാനിയായ വിതരണക്കാരനോട് വിശദീകരണം ആരാഞ്ഞു. സംഭവത്തിന്റെ പ്രത്യാഘാതങ്ങൾ അയാളെ ബോദ്ധ്യപ്പെടുത്തി. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ സാമൂഹിക മാധ്യമ പരസ്യങ്ങളിൽ നിന്നും ചാനൽ പരസ്യങ്ങളിൽ നിന്നും വിവാദ പരസ്യം നീക്കം ചെയ്തതായും കമ്പനി വ്യക്തമാക്കി.
പാകിസ്ഥാനിലെ വിതരണക്കാരന്റെ നടപടിയെ ഹ്യൂണ്ടായി മോട്ടോർ ഇന്ത്യയും നിശിതമായി വിമർശിച്ചു. പരസ്യത്തിന് ഹ്യൂണ്ടായി മോട്ടോർ ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും കമ്പനി അറിയിച്ചു.
Hyundai Motor statement:#Hyundai #HyundaiIndia pic.twitter.com/Ir5JzjS2XP
— Hyundai India (@HyundaiIndia) February 8, 2022
ഇന്ത്യാ വിരുദ്ധ പരസ്യം പ്രസിദ്ധീകരിച്ച ഹ്യൂണ്ടായ് കമ്പനിക്കെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്തമായിരുന്നു. കമ്പനിയ്ക്കെതിരെ ബിജെപി- വി എച്ച് പി ഉൾപ്പെടെയുള്ള സംഘടനകൾ ബഹിഷ്കരണ ആഹ്വാനം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹ്യൂണ്ടായ് മോട്ടോർ കമ്പനിയുടെ തിരുത്തൽ നടപടി.
Discussion about this post