വിശാഖപട്ടണം: മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയതിന് കടൽ മത്സ്യത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വിശാഖപട്ടണം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
മത്സ്യത്തൊഴിലാളിയായ ജോഗണ്ണയെ മീൻപിടിത്തത്തിനിടെ മത്സ്യം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രക്തം വാർന്ന് ജോഗണ്ണ മരണപ്പെട്ടു. ഇദ്ദേഹത്തിനൊപ്പം കടലിൽ മത്സ്യബന്ധനത്തിന് പോയവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച വിശാഖപട്ടണം തീരത്തെ പരവാഡ മേഖലയിൽ ജോഗണ്ണ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം. മുത്യാലമ്മ പാലം സ്വദേശികളായ അഞ്ചംഗ മത്സ്യത്തൊഴിലാളി സംഘമാണ് ജോഗണ്ണയ്‌ക്കൊപ്പം കടലിൽ പോയത്. ഇടയ്ക്ക് ജോഗണ്ണ വെള്ളത്തിലിറങ്ങിയപ്പോഴാണ് നീണ്ട കൂർത്ത കൊമ്പുള്ള ബ്ലാക്ക് മാർലിൻ വിഭാഗത്തിൽ പെട്ട മത്സ്യം ഇദ്ദേഹത്തെ ആക്രമിച്ചത്.
ജോഗണ്ണയെ ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








