തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനയാവശ്യപ്പെട്ട് മൂന്നാറില്‍ പെണ് ഒരുമ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പി.എല്‍.സി തീരുമാനിച്ച കൂലിയില്‍ തൃപ്തരല്ലെന്നും ആനൂകൂല്യങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ വീണ്ടും സമരം തുടരുമെന്നും സമര സമിതി നേതാവ് ഗോമതി പറഞ്ഞു.
കൂലിവര്‍ധന ആവശ്യപ്പെട്ട് തോട്ടംതൊഴിലാളികള്‍ 17 ദിവസമായി നടത്തിവന്ന സമരം ഇന്നലെ ഒത്തുതീര്‍പ്പാക്കിയിരുന്നു. രണ്ടുദിവസമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കൂലി വര്‍ധിപ്പിക്കാമെന്ന ധാരണയില്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ സമരം പിന്‍വലിച്ചത്. തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 301 രൂപയാക്കി. തേയിലതോട്ടം തൊഴിലാളികളുടെ വേതനം 69 രൂപ കൂട്ടാന്‍ ധാരണയായി.
ഏലം മേഖലയില്‍ ദിവസവേതനം 63 രൂപ കൂട്ടി. റബ്ബര്‍മേഖലയില്‍ 64 രൂപയും വര്‍ധിപ്പിച്ചു. അടിസ്ഥാനശമ്പളവും ഡി.എ.യും ചേര്‍ന്ന തുകയിലാണ് വര്‍ധന. മറ്റ് ആനുകൂല്യങ്ങള്‍കൂടി ചേരുമ്പോള്‍ വേതനം ഇനിയുമുയരും.
ഇതാദ്യമായാണ് ദിവസവേതനത്തില്‍ ഇത്രയും വര്‍ധന വരുത്തുന്നത്. അധികജോലി ആവശ്യപ്പെടാതെയാണ് വര്‍ധന. തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങള്‍ സംബന്ധിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചചെയ്യുമെന്ന്, ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തോട്ടംമേഖലയിലെ മുഴുവന്‍ പ്രശ്നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏകാംഗ കമ്മിഷനെ നിയമിക്കാനും ധാരണയായി. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനോട് ആവശ്യപ്പെടുക.
ദിവസങ്ങളായി തോട്ടങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് അഡ്വാന്‍സ് അനുവദിക്കുന്ന കാര്യം, അതതിടത്തെ യൂണിയനുകളുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കണമെന്ന് ഉടമകളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇതനുസരിച്ച് ഹാരിസണ്‍ മലയാളം ലിമിറ്റഡിലെ ബോണസ് പ്രശ്നവും ചര്‍ച്ചചെയ്ത് പരിഹരിക്കും. മരങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ സര്‍ക്കാര്‍ ഈടാക്കുന്ന തുക കുറയ്ക്കണമെന്നതടക്കമുള്ള ഹാരിസണിന്റെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നവംബര്‍ 4ന് പ്രത്യേക യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി, തൊഴില്‍, ഊര്‍ജ, റവന്യു, വനം മന്ത്രിമാരുടെ സാന്നിധ്യത്തിലായിരിക്കും ചര്‍ച്ച.
കുറഞ്ഞ കൂലി 500 രൂപയായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 28നാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചത്. അതിനുശേഷം നടന്ന ആറാമത്തെ പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി യോഗത്തിലാണ് ധാരണയിലെത്തുന്നത്. കുറഞ്ഞ കൂലി 300-350 എന്ന നിരക്കിലെത്തിച്ചാല് സമരം അവസാനിപ്പിക്കാമെന്ന് ചൊവ്വാഴ്ച തൊഴിലാളിനേതാക്കള്‍ സമ്മതിച്ചിരുന്നു. തൊഴിലാളിസംഘടനകളുടെ സംസ്ഥാനനേതാക്കളുമായും മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതനുസരിച്ചാണ് കുറഞ്ഞ കൂലി 300ന് മുകളില്‍ എന്ന ധാരണയില്‍ ബുധനാഴ്ച ട്രേഡ് യൂണിയനുകള്‍ വഴങ്ങിയത്. സമരം നീണ്ടുപോകുന്നത് തോട്ടംമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന തിരിച്ചറിവില്‍ ഇരു വിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.
Discussion about this post